കൊല്ലം: കൊല്ലം രൂപതയുടെ പൊതിച്ചോറ് വിതരണ പദ്ധതിയുടെ പതിനേഴാം വര്‍ഷ പ്രവര്‍ത്തനോദ്ഘാടനം തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ കൊല്ലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് നിര്‍വഹിച്ചു. ഹാന്‍ഡ് ഫോര്‍ ലൈഫ് പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും വി കെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റുമാണ് പൊതിച്ചോര്‍ വിതരണത്തിനു നേതൃത്വം നല്‍കുന്നത്.
കോവിഡിന് ശേഷം ബിഷപ് ഡോ പോള്‍ ആന്റണി മുല്ലശേരിയുടെ നിര്‍ദേശാനുസരണം വി കെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പൊതിച്ചോറ് നല്കി വരുന്നത്. സ്കൂളുകളില്‍നിന്ന് പൊതിച്ചോറുകള്‍ സംഭരിച്ചു കാരുണ്യകേന്ദ്രങ്ങളിലും കിടപ്പുരോഗികളുടെ ഭവനങ്ങളിലും തെരുവില്‍ അര്‍ഹതപ്പെട്ടവര്‍ക്കും എത്തിക്കുന്നതാണ് പൊതിച്ചോറ് പദ്ധതി.
കുഞ്ഞുങ്ങള്‍ക്ക് പങ്കു വെക്കാനുള്ള മനോഭാവം വളര്‍ത്തുന്ന പൊതിച്ചോറ് പദ്ധതി പുതുതലമുറയുടെ കാരുണ്യബോധം വര്‍ധിപ്പിക്കുമെന്ന് മോൺ. ഡോ. ബൈജു ജൂലിയാന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഇന്ഫന്റ്് ജീസസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. സില്‍വി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ നാടക, സിനിമാനടന് കെപിഎസി ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫന്റ് ജീസസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്റണി, വി കെയര്‍ പാലിയേറ്റീവ് ചെയര്‍മാനും ഹാന്‍ഡ് ഫോര്‍ ലൈഫ് പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ക്കിംഗ് പ്രസിഡന്റുമായ ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട്, വി കെയര്‍ പാലിയേറ്റീവ് ട്രഷറര്‍ ബെറ്റ്സി എഡിസണ്, ചീഫ് കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, വൈസ് ചെയര്മാന് ഇഗ്നേഷ്യസ് വിക്ടര്‍, ഇന്‍ഫന്റ് ജീസസ് സ്കൂള്‍ പൊതിച്ചോറ് പദ്ധതി കോര്‍ഡിനേറ്റര്‍ ലിജോ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.